ഡോ. പി. ഇ. എസ്. കർത്താ
ജന്മനിയോഗം തേടി, ബൗദ്ധിക നാടോടിയായി നടത്തിയ നീണ്ട തീർത്ഥയാത്ര എഴുത്തിന്റെ ലോകത്തവസാനിച്ചു. കുട്ടിക്കാലത്ത് തന്നെ വായന, അറിവിലേക്കുള്ള സോപാനമാണെന്ന് അച്ഛനിലൂടെയും സഹോദരങ്ങളിലൂടെയും തിരിച്ചറിഞ്ഞു, അതെന്നും വഴികാട്ടിയുമായി. മുന്നോട്ടുള്ള ഓരോ ചുവടുവയ്പിലും തെളിയുന്ന സ്വന്തം അജ്ഞതയുടെ വലിപ്പം മുൻവിധികളെ തുരത്താനും മനസ്സിനെ തുറക്കാനും സഹായിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ വർഷത്തിൽ ചേർത്തലയിൽ ജനിച്ചു. കേരളത്തിൽ ബി.എസ്സി വരെ (പൂർത്തിയായില്ല) പഠിച്ചു. പിന്നീട് B.E. (1972, NIT വാറങ്കൽ), Ph.D. (1981, IISc ബങ്കളൂരു) ഇതിനിടയിൽ വ്യവസായം നടത്തി സ്വന്തം ന്യൂനതകൾ തിരിച്ചറിഞ്ഞ മൂന്നുവർഷങ്ങൾ. ഏതാനും പതിറ്റാണ്ടുകൾ വിവിധ വ്യവസായമേഖലകളെ തൊട്ടുരുമ്മി നടന്നു, അനുഭവരേണുക്കൾ തേടി.
മാതാപിതാക്കൾ: ശ്രീമതി ലക്ഷ്മിക്കുഞ്ഞമ്മ (1907-1983), ശ്രീ N.കൃഷ്ണക്കർത്താ. സംസ്കൃതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന അച്ഛൻ വളരെ ശിഷ്യസമ്പത്തുണ്ടായിരുന്ന ഒരു പണ്ഡിത വരേണ്യനായിരുന്നു. അച്ഛനമ്മമാരെ പിന്തുടർന്ന് രണ്ട് ജ്യേഷ്ഠന്മാരും മൂന്ന് ചേച്ചിമാരും. ധ്യാനലോകത്തേക്ക് യാത്രയായികഴിഞ്ഞു. അടുത്ത തലമുറയിലേക്കുള്ള ജനിതകപാതയിൽ ഇഴപൊട്ടിയ ഒരു കണ്ണിയായി ഞാനിപ്പോൾ അവശേഷിക്കുന്നു. എൻറെ വ്യക്തിത്വത്തെ ആത്മീയ, ബൗദ്ധിക ഉലകളിൽ പാകപ്പെടുത്തിയതിൽ എൻറെ മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും പങ്ക് അളവറ്റതത്രേ.
ശാസ്ത്രവും ഭാരതീയസംസ്കൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, അറിയാവുന്ന ഇരുഭാഷകളിലും ലേഖനങ്ങളും കവിതകളും എഴുതുമ്പോൾ ലഭിക്കുന്ന ഊർജ്ജം മുന്നോട്ട് നയിക്കുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളുടെ വൈഷമ്യങ്ങളിൽ നിന്ന്, എഴുത്തിലൂടെ ആശ്വാസം തേടുന്നു. അടുത്ത സമയത്ത്, “Celebration of Ignorance” എന്ന ഒരു ഇംഗ്ളീഷ് ഉപന്യാസ സമാഹാരം പ്രസിദ്ധീകരിച്ചു. ഒരിംഗ്ളീഷ് കവിതാസമാഹാരവും പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. ഒരു സുഹൃത്തിൻറെ പുസ്തകത്തിൻറെ മൊഴിമാറ്റജോലിയിലും വ്യാപൃതനാണ്. ഹൃദയവും മനവും ത്രസിപ്പിക്കുന്ന രണ്ടു മേഖലകളാണ് ഭാരതീയ സംസ്കൃതിയും പൈതൃകവും. ബാങ്കളൂരിൽ കുടുംബസമേതം സ്ഥിരതാമസം, ഒപ്പം ഞങ്ങൾക്കാനന്ദം പകരാൻ വീരശൂരവികൃതികളായ അഞ്ച് മാർജ്ജാരയുവാക്കളും!