ഒരു കെട്ടിടം എത്ര പുതിയതു തന്നെ ആയിക്കോട്ടെ. നമ്മുടെ ആവശ്യങ്ങൾക്ക് അത് അപര്യാപ്തമാണ് എന്ന് തോന്നുമ്പോൾ അത് മാറ്റിപ്പണിയാൻ നാം ആഗ്രഹിക്കുന്നു. സാമ്പത്തിക ശേഷിയില്ലെങ്കിൽ അതിന് വേണ്ട അമിതമായ ചെലവ് ഓർത്ത് അസൗകര്യങ്ങളുമായി അവിടെ ജീവിക്കുന്നു. സാമ്പത്തികശേഷി ഉള്ളവർക്ക് അവരുടെ ആഗ്രഹങ്ങൾ നടപ്പാക്കാൻ കഴിയും. അവർ അമിതമായി പണവും ഊർജ്ജവും പ്രയത്നവും ചെലവിട്ട് നിലവിലുള്ള കെട്ടിടം പൊളിച്ച് കളഞ്ഞ്, പുതിയ കെട്ടിടം അവിടെ നിർമ്മിക്കുന്നു. അല്ലെങ്കില്‍ സ്വന്തം കഴിവിനൊത്ത് ചെറിയ മാറ്റങ്ങളും വിപുലീകരണവും നടത്തി താല്‍ക്കാലിക പരിഹാരം കാണുന്നു. പൂർണ്ണമായ കെട്ടിടം പൊളിക്കൽ ഒഴിവാക്കി, ലളിതവും ചെലവു കുറഞ്ഞതും ആയ മാർഗ്ഗത്തിലൂടെ പഴയ കെട്ടിടം എല്ലാക്കാലത്തേയും ആവശ്യങ്ങൾക്ക് അനുസരിച്ച് പുതുക്കി പണിയാനുതകുന്ന സാങ്കേതിക വിദ്യയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇവിടെ കെട്ടിടം പൊളിച്ചു മാറ്റാതെ, പുതിയതു പോലെ, രൂപത്തിലും ഭാവത്തിലും മുറികളുടെ കാര്യത്തിലും ആദ്യത്തെ കെട്ടിടത്തില്‍ നിന്നും വിഭിന്നമായ ഒരു ഭവനം നിര്‍മ്മിക്കാന്‍ സാധിക്കുന്നു. ഭാവി തലമുറയുടെ വിഭിന്നങ്ങളായ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അവരുടെ കാലത്തെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ട് സുസ്ഥിരമായ (Sustainable) ആയ ഭവന നിർമ്മാണത്തിന്റെ ഒരു വഴികാട്ടിയായി ഇതിനെ കാണാം.
ഇത് സങ്കീര്‍ണമായ ഒരു എഞ്ചിനീയറിംഗ് വിഷയമാണെങ്കില്‍ കൂടി എല്ലാര്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവിധം ലളിതമായി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.