ഭാരതത്തിന്റെ ആത്മീയ നഭസ്സിൽ സൂര്യ ശോഭയോടെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ശ്രീ ശങ്കര ഭഗവദ്പാദർ ഭാരതത്തിനും സംസ്കൃതഭാഷയ്ക്കും നൽകിയ സംഭാവനകൾ അമൂല്യമാണ്. അദ്ദേഹത്തിന്റെ രചനകൾ ഓരോന്നും ആത്മദർശനത്തിന്റെ കണ്ണാടിയും മനുഷ്യനെ നന്മയിലേക്കു നയിക്കുന്ന വഴിവിളക്കുമാണ്. ഇവയോരോന്നും ഒന്നിനൊന്നു മികച്ചതാണെങ്കിലും ജനമനസ്സുകളിൽ ഏറ്റവും പ്രചാരം ലഭിച്ച കൃതിയാണ് 'ഭജഗോവിന്ദം'. വളരെ ഗഹനമായ തത്വങ്ങളും ദർശനങ്ങളും ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ഈ കൃതി സാധാരണ ജനങ്ങളെ ഈശ്വര ചിന്തയിലേക്കും അതുവഴി സായൂജ്യത്തിലേക്കും നയിക്കുന്നു.