ചേപ്പന്‍റെ പീടികയുടെ ചായ്പ്പില്‍ അയ്യപ്പെഴ്‌ശന്‍റെ ഒരു പാര്‍ട്ട് ടൈം ചായക്കടയുണ്ട്. രാവിലെ ഏഴു മുതല്‍ ഒമ്പത് വരെയാണ് ടൈമിംഗ്. എഴ്ശനും പട്ടത്ത്യാരും ചേര്‍ന്ന് ചായ, ദോശ, ചട്ട്ണി മാത്രം മെനുവായുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ഹോട്ടല്‍. രാവിലെ അവിടെ ഒരു സഹൃദ യസദസ്സ് ഉണ്ടാകാറുണ്ട്. തട്ടാന്‍ കേളു, ആശാരി കറപ്പന്‍, മണ്ണാന്‍ വേലു, കുഞ്ഞന്‍ മൊളയന്‍, എന്നിവരെല്ലാം ചേര്‍ന്ന് നാട്ടില്‍ നടക്കുന്ന മഹാസംഭവങ്ങളുടെയെല്ലാം വാര്‍ത്താ വിശകലനം നടത്തുന്നത് അവിടെയാണ്. ഗോയിന്ദന്‍ പങ്കെടുക്കുന്ന ദിവസങ്ങളില്‍ വിഷയം നാട്ടിലെ പൂരങ്ങള്‍ തന്നെ. രണ്ടു ദോശ, ധാരാളം ചട്ണി, ഒരാപ്പ്ചായ, ഇത്രയും വിഭവങ്ങളുടെ ധാരാളിത്വത്തിന്‍റെ പിന്‍ബലത്തില്‍ ഗോയിന്ദേട്ടന്‍ തൂത മുതല്‍ കടപ്പറമ്പത്തു കാവ് വരെയുള്ള വിവിധ പൂരങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഭംഗിയായി അവതരിപ്പിക്കും. അതില്‍ കരിവേലക്കാരും കാളവേലക്കാരും ചവിട്ടി നിരത്തിയ പൊരിച്ചാക്കുകളുടെയും അവയ്ക്ക് പിന്നില്‍ ഇരുന്നിരുന്ന ചെട്ടിച്ചികളുടെ മടിശ്ശീലകള്‍ തട്ടിപ്പറിക്കപ്പെട്ടതിന്‍റെയും വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ നൊണ്ടിക്കുഞനു ഇരിക്കപ്പൊറുതിയില്ലാതാകും. നൊണ്ടിച്ചാടിയെങ്കിലും അപ്പോള്‍ അവിടെ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നോര്‍ത്ത് അവന്‍ ദീര്‍ഘശ്വാസം വിടും. പിന്നെ വെടിക്കെട്ടിലെ പുതിയ ഇനങ്ങള്‍, എഴുന്നെള്ളിപ്പിന് എത്തിയ പുതിയ കൊമ്പന്മാര്‍, എന്നിവയെപ്പറ്റിയുള്ള വിവരണങ്ങളും ഉണ്ടാകും. എല്ലാം കേട്ട് കഴിയുമ്പോള്‍ സദസ്യര്‍ക്കെല്ലാം ആ പൂരങ്ങള്‍ നേരിട്ട് കണ്ട് ആസ്വദിച്ച പ്രതീതി ഗോയിന്ദന്‍ വരുത്തിക്കൊടുക്കും. എന്നാല്‍ എല്ലാവരും അത്ഭുതത്തോടെ പൂരക്കഥകള്‍ ശ്രദ്ധിക്കുമ്പോള്‍, തട്ടാന്‍ കേളുവിന്‍റെ വാര്‍ദ്ധക്യം വഴിയുന്ന കണ്ണുകള്‍ വേറൊരു ദിശയില്‍ അപഥ സഞ്ചാരം നടത്തുകയാകും.