സനിൽ പി.തോമസ്
പതിനേഴാം വയസ്സിൽ, 1976 ൽ മലയാള മനോരമയിൽ സ്പോർട്സ് ലേഖനങ്ങൾ എഴുതിത്തുടങ്ങി.ബാങ്ക് ജോലി ഉപേക്ഷിച്ച് പത്രപ്രവർത്തകനായി.1987 മുതൽ 2017 വരെ മനോരമ പത്രാധിപ സമിതി അംഗം .അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു. ഇപ്പോൾ ഫ്രീലാൻസ് സ്പോർട്സ് ലേഖകൻ. 1991 ൽ ഹൈദരാബാദിൽ നടന്ന പ്രീ ഒളിംപിക് ഫുട്ബോൾ, ന്യൂഡൽഹി പെർമിറ്റ് മീറ്റുകൾ, ഏഷ്യൻ ജൂനിയർ അത് ലറ്റിക്സ്, 1994 ൽ ഹിരോഷിമയിലും 1998 ൽ ബാങ്കോക്കിലും 2018ൽ ജക്കാർത്തയിലും നടന്ന ഏഷ്യൻ ഗെയിംസ്, 1996 ൽ അറ്റ്ലാൻ്റയിൽ നടന്ന ഒളിംപിക്സ്, 2010 ൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ്, 2013 ൽ പുനെയിലും 2017ൽ ഭുവനേശ്വരിലും 2019 ൽ ദോഹയിലും നടന്ന ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ് തുടങ്ങി ഒട്ടേറെ രാജ്യാന്തര കായിക മേളകൾ റിപ്പോർട്ട് ചെയ്തു.2021 ലെ ടോക്കിയോ ഒളിംപിക്സിനും മീഡിയ അക്രഡിറ്റേഷൻ ലഭിച്ചുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ തടസമായി.
കായിക കേരള ചരിത്രം ഉൾപ്പെടെ നാല്പതിലേറെ സ്പോർട്സ് ഗ്രന്ഥങ്ങൾ എഴുതി.കെ. കരുണാകരൻ, സോണിയ ഗാന്ധി, വൈക്കം വിശ്വൻ എന്നിവരുടെ ജീവചരിത്രവും ഓഷോ രജനീഷിൻ്റെ ജീവിതകഥയും ആണ് മറ്റു പ്രധാന കൃതികൾ.
സംസ്ഥാനത്തെ മികച്ച സ്പോർട്സ് ലേഖകനുള്ള കേരളാ സ്പോർട്സ് കൗൺസിൽ അവാർഡ് 1991, 93, 96 വർഷങ്ങളിൽ നേടി. സ്പോർട്സ് ജേണലിസത്തിലെ മികവിനുള്ള മുഷ്താഖ് അവാർഡും 1996 ൽ ലഭിച്ചു.2006 ൽ കോൺഫെഡറേഷൻ ഓഫ് നാഷനൽ ആൻഡ് ഇൻറർനാഷനൽ സ്പോർ ട്സ്മെൻ (സിൻസ) മികച്ച സ്പോർട്സ് ലേഖകനായി തിരഞ്ഞെടുത്തു.
ഗ്രന്ഥകാരനെന്ന നിലയിൽ, 2011 ൽ കായിക കേരള ചരിത്രത്തിന് കേരളാ ഒളിംപിക് അസോസിയേഷൻ അവാർഡും 2013ൽ അണയാത്ത ദീപശിഖയ്ക്ക് കേരളാ സ്പോർട്സ് കൗൺസിൽ അവാർഡും 2016ൽ നിങ്ങൾക്കുമാകാം സ്പോർട്സ് താരത്തിന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് അവാർഡും ലഭിച്ചു.
ഭാര്യ: സുജ.
മക്കൾ: നീത്, നിർമൽ.