നമ്മുടെ ചെലവുകൾ വസ്തുക്കൾക്ക് വേണ്ടിയല്ല, പക്ഷേ അനുഭവങ്ങൾക്ക് വേണ്ടിയായിരിക്കണം എന്നത് വളരെ മുമ്പേ തന്നെ എന്നെ സ്വാധീനിച്ചിരുന്ന ഒരു ചിന്തയായിരുന്നു. വസ്തുക്കളെ നമ്മൾ എത്രമാത്രം കൊതിക്കുമെങ്കിലും അത് എന്തുതന്നെ ആയിക്കോട്ടേ, എത്ര വിലമതിച്ചതായാലും അത് തരുന്ന ആനന്ദം വളരെ ചുരുങ്ങിയ കാലം മാത്രമേ നിലനിൽക്കുകയുള്ളു. എന്നാൽ നമ്മൾക്കുണ്ടാകുന്ന അനുഭവങ്ങൾ, യാത്രകളിലൂടെയും അല്ലാതെയും ഉള്ളവ, നമ്മളെ എത്രമാത്രം സ്വാധീനിച്ചു എന്നതനുസരിച്ച്, നമ്മൾ വളരെക്കാലം ഓർത്തിരിക്കും.” ഒരു കന്നി എഴുത്തകാരന്റേതായിരുന്നില്ല ആ എഴുത്തുകൾ. ഇരുത്തം വന്ന ഒരു പ്രാസിംഗകന്റെ, സാമൂഹ്യപ്രവർത്തകന്റെ, പല നാടുകൾ കണ്ട് മനസ്സ് വിശാലമാക്കിയ ഒരു സഞ്ചാരിയുടെ, പലരുമായും നയപരമായ രീതിയിൽ ഇടപെട്ട് അവരെയെല്ലാം കൂടെ കൂട്ടിയ ഒരു ബാങ്ക് മേധാവിയുടെ, എല്ലാം കഴിവുകൾ സമന്വയിച്ച് തെയ്യാറാക്കിയ ഒരു പുസ്തകം. അമേരിക്കൻ യാത്രകളെ കൂടാതെ താൻ സഞ്ചരിച്ചിട്ടുള്ള യൂറോപ്യൻ നാടുകളിലെ വിസ്മയങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. യാത്ര പോയതെല്ലാം കാലഗണനാപരമായ രീതിയിൽ എഴുതിച്ചേർക്കാതെ ഓരോ രാജ്യങ്ങളിലും അവിടെയുള്ള സ്ഥലങ്ങളിലും ഓരോ യാത്രയിലും പോയപ്പോൾ കണ്ട കാഴ്ചകൾ ഒന്നിച്ചെഴുതിയത് ഭാവനാത്മകം തന്നെ. പല സ്ഥലങ്ങളിലേയും കാലാനുവർത്തിയായ മാറ്റങ്ങൾ താരതമ്യം ചെയ്യാൻ ഈ ശൈലി സഹായമായി.