പ്രണയം മധുരതരമായ ഒരു അനുഭൂതിയായി എക്കാലവും മനുഷ്യമനസ്സുകളിലുണ്ട്.ചിലർക്ക് അത് ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിക്കുന്ന ഉത്കൃഷ്ടമായ അനുഭവമാകുമ്പോൾ മറ്റു പലർക്കും ഉപരിപ്ലവമായ ഒരു ആഘോഷം മാത്രമായിരിക്കും.
ഹിന്ദു-സിഖ്-മുസ്ലിം ലഹളയുടെ പരമ കാഷ്ഠയിലും,അയൂബ് ഖാനും സിമിനും തങ്ങളുടെ പ്രണയം സ്വജീവനേക്കാൾ അമൂല്യമായി കരുതി,പരസ്പരം പൂരകങ്ങളാകുവാൻ കാത്തുകാത്തിരുന്നു.
സ്നേഹത്തിന്റെ ആ മൂർത്തഭാവം തന്നെയാണല്ലോ അവരെ വേർപിരിച്ചതും.നോവൽ വായിച്ചു പൂർത്തിയാവുമ്പോഴേക്കും നിങ്ങൾക്കും അത് ബോധ്യമാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഹിന്ദു -സിഖ്-മുസ്ലിം ലഹളയും,ഇന്ത്യാ വിഭജനവും ഇൗ നോവലിന്റെ പശ്ചാത്തലമാക്കി രചിച്ചിരിക്കുന്നതിനാൽ ഏതാനും ചരിത്ര ഭാഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇതിന്റെ എഡിറ്റിംഗിൽ ഏറെ സഹായിക്കുകയും,എന്റെ എഴുത്തു വഴികളിൽ എപ്പോഴും പ്രോത്സാഹനം നൽകുകയും സഹകരിക്കുകയും ചെയ്തുപോരുന്ന എന്റെ പ്രിയ മക്കൾ,സ്നേഹിതരായ ശ്രീമതി ജയശ്രീ രഞ്ജൻ,ശ്രീമതി മോളി തോമസ്,ശ്രീമതി പുഷ്പമ്മ ചാണ്ടി ,മനോഹരമായ ഒരു അവതാരിക എഴുതി നൽകിയ പ്രിയ സുഹൃത്ത് പ്രൊഫ.പ്രസന്നകുമാരി ടി.ജി. എന്നിവർക്ക് ഞാൻ ഏറ്റവും സ്നേഹത്തോടെ കൃതത്ഞത അറിയിക്കുന്നു..
ഇൗ നോവലിന്റെ പ്രസാധകരായ അക്ഷരശ്രീ The Literary Woman എന്ന സംഘടനയോടും ഞാൻ നന്ദി അറിയിക്കുന്നു.ഞാനും അംഗമായിട്ടുള്ള ഇൗ എഴുത്തു കൂട്ടത്തിന്റെ അമ്പതാമത്തെ പുസ്തകമാണിത്.
സ്നേഹത്തോടെ,
ബെറ്റി ജോസ് കുരീക്കാട്ട്.