എഴുത്തുകാരനും ചിത്രകാരനുമായ രാഹുൽ രാഘവിന്റെ തീണ്ടാരിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന നോവൽ തുടങ്ങുന്നത് ആത്മാവുകൾ അപ്പൂപ്പൻ താടികളായാണ് ഭൂമിയിലേക്ക് പറന്നിറങ്ങുന്നത് എന്ന വാചകത്തോടെയാണ്. തീർത്തും മനോഹരവും കാല്പനികവുമായ ഈ തുടക്കത്തിലൂടെ രാഹുൽ വായനക്കാരെ തന്റെ നോവലിലേക്ക് കൈ പിടിച്ചു കയറ്റുകയാണ്. പിന്നീട് അനുവാചകർ മനോഹരമായ മറ്റൊരു യാത്ര നടത്തുകയാണ്. തീണ്ടാരിക്കാവിലും മനയ്ക്കൽ തറവാട്ടിലും, ഗ്രാമത്തിന്റെ നടവരമ്പിലുമൊക്കെ നടന്നു കയറി നോവലും വായനക്കാരും ദേശങ്ങൾ താണ്ടുകയാണ്.
വ്യത്യസ്ത കാലങ്ങളിലൂടെ, ദേശങ്ങളിലൂടെ വായനക്കാരെ ബോറടിപ്പിക്കാതെ കൂട്ടിക്കൊണ്ട് പോകാനുള്ള രാഹുലിന്റെ കയ്യടക്കം നോവലിൽ മുഴച്ചു നിൽക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്.
ഒരു വ്യക്തിയുടെ മൂന്ന് കാലഘട്ടങ്ങളിലൂടെ ആസ്വാദ്യകരമായി മുന്നേറുന്ന രാഹുലിന്റെ രചനാ പാടവം പിന്നീട് ഗ്രാമങ്ങളിൽ നില നിൽക്കുന്ന അന്ധവിശ്വാസങ്ങളോടും മറ്റും കാലികമായി സംവദിച്ച് സാമൂഹ്യപരമായ ബാധ്യത നിറവേറ്റുന്നുണ്ട്.
പ്രണയവും കാല്പനികതയും വിശ്വാസങ്ങളും ആചാരങ്ങളും യാത്രയുമൊക്കെ ഇഴചേരുന്ന തീണ്ടാരിക്കാവിലെ അപ്പൂപ്പൻ താടികൾ നല്ല വായനാ സുഖം പ്രധാനം ചെയ്യുന്ന സുന്ദരവും ലളിതവുമായ സൃഷ്ടിയാണ് എന്ന് പറയുന്നതിൽ യാതൊരു രസക്കേടുമില്ല.
#bestmalayalamnovel