കണ്ടെടുത്ത കവിത ( found poetry) യുടെ മറ്റൊരു വിന്യാസമായി ഞാനവയെ കാണുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി അത്തരം തിരച്ചിലുകൾ, നടത്തങ്ങൾ മാറിയിരിക്കുന്നു. ഒരു തരം ധ്യാനം, ഒരുതരം അനുശീലനം. പദാർത്ഥങ്ങളോടുള്ള എന്റെ സമീപനമാണ് അതിന്റെ രാഷ്ട്രീയത്തെക്കൂടി പ്രകടമാക്കുന്നത്. പദാർത്ഥത്തിൽനിന്നാണ് അർത്ഥം പിറക്കുന്നത്. എഴുത്തുകവിതയിലും (written poetry) വസ്തു - ദൃശ്യ കവിതയിലും ( object/visual poetry) അതേറെ പ്രാധാന്യമുള്ള കാര്യമാണ്. മനുഷ്യരും ജീവജാലങ്ങളും പദാർത്ഥങ്ങളുമെല്ലാം ഭൂമിയുടെ ഭാഗമായിരിക്കുന്നു എന്ന തിരിച്ചറിവു മാത്രമാണ് ഈ രചനകളിലെല്ലാം അടിയടരായിക്കിടക്കുന്നത് എന്ന് തോന്നുന്നു.