കാലചക്രം കറങ്ങുന്നതുപോലെ നമ്മളും കാലധർമങ്ങൾ എന്തെന്നറിയാതെ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്‌കാരിക രംഗത്തെ കാവ്യവൈകൃതം പോലെ സാമൂഹ്യ രംഗങ്ങളിലും അമ്പരപ്പുണ്ടാക്കുന്ന കാഴ്ചകളാണ് കാണുന്നത്. സത്യവും നീതിയും വലിച്ചെറിയപ്പെട്ട ഒരു കാലമുണ്ടായിട്ടില്ല. അധികാരത്തിലിരിന്ന് അനീതി നടത്തുന്നവർക്കും പെരുമ്പറ കൊട്ടൻ സൈബർ പോരാളികളുണ്ട്. അവിടെയെല്ലാം ഉപജാപകർ ഈച്ചയെ പോലെ പറന്നു നടക്കുന്നു.
നമ്മുടെ ജനാധിപത്യം വിനാശത്തിലേക്ക് പോയ്‌കൊണ്ടിരിക്കുന്നതിൻറെ ലക്ഷണങ്ങളാണ് കാണുന്നത്. മത മേധാവികൾ ധാരാളം ആരാധനാരീതികൾ ഉണ്ടാക്കിയതുപോലെ ഇന്ത്യക്കൊരു വ്യവസ്ഥിതി ഭരണതന്ത്രജ്ഞർ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതൊന്നും സംരക്ഷിക്കാൻ അധികാരത്തിൽ വരുന്ന പല ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ശ്രമിക്കാറില്ല. വികസിത രാജ്യങ്ങൾ ദൈനംദിനം ഉന്നതമായ പുരോഗതിയിലേക്ക് ഉയരുമ്പോൾ 2021-ൽ നമ്മൾ ലോക പട്ടിണിപ്പട്ടികയിൽ നൂറ്റിയൊന്നാം സ്ഥാനം കരസ്ഥമാക്കി വിജയശ്രീലാളിതരായി നിലകൊള്ളുന്നു. ഇങ്ങനെ യാണ് ഉദാത്തമായ മാനവികത ഉയർത്തികാണിക്കുന്നത്. കേരളം, ഗൾഫിലെ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള 'കാലം കവിഞ്ഞൊഴുകുന്നു' എന്ന ലേഖനങ്ങൾ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്. അത് അനീതിക്കെതിരെയുള്ള അഗ്‌നിജ്വാലകളായി എന്നും നിലകൊള്ളും.