വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്കുമ്പോൾ അത് അതിൻറെ ലോകത്തിലേക്ക് തിരിച്ചുപോകുന്നു. ചിലപ്പോൾ നാം ആ മരത്തെ ഓർമിക്കുന്നു. അപ്പോൾ വീണ്ടും അത് അതിൻറെ ലോകം വിട്ട് നമ്മുടെ ഓർമ്മയുടെ ലോകത്തിലേക്ക് പതുക്കെ കടന്നുവരുന്നു. നമ്മുടെ ഓർമ്മ ആ മരത്തിൽനിന്നും മറ്റൊന്നിലേക്ക്, മറ്റൊരിടത്തേക്ക്, പോകുമ്പോൾ ആ മരം പൊടുന്നനെ അപ്രത്യക്ഷമാവുന്നു. അത് അതിൻറെ ലോകത്തിലേക്ക് പിൻവലിയുന്നു. ഒരു പാമ്പ് അതിന്റെ മാളത്തിലേക്ക്, ഒരു കിളി അതിന്റെ സന്ധ്യയിലേക്ക്, ഒരു കപ്പൽ കടലിൻറെ മറുകരയിലേക്ക്, വിദൂരമായ ഒരു ഉപഗ്രഹം അതിൻറെ ഗോളത്തിന് ചുറ്റും, ചീവീടുകൾ അവയുടെ ശബ്ദത്തിലേക്ക്, മടങ്ങിപ്പോകുന്നു. കവിത മറ്റൊരു ലോകത്തിൽനിന്ന് നമ്മുടെ ലോകത്തിലേക്ക് വന്ന്, നമ്മുടെ ശരീരത്തിന് ചുറ്റിലും കുറെയധികം സമയം നോക്കിനിൽക്കുന്നു. നാം ഉണരുമ്പോൾ, ഓർമ്മ തെറ്റുമ്പോൾ, പൊടുന്നനെ അതു തിരിച്ചുപോകുന്നു