ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലേ നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ യാംഗ്‌സ്റ്റേ കിയാംഗ് നദിക്ക് 6418 കിലോമീറ്ററാണ് നീളം. ടിബറ്റ് പീഠഭൂമിയിലെ ക്വിങ്ഹായ് പ്രദേശത്തെ ഹിമാനികളിൽ നിന്നാണ് ഇത് ഉദ്ഭവിക്കുന്നത്. ഇത് ഒരു രാജ്യത്തെയും സംസ്‌ക്കാരത്തെയും നിലനിർത്തുന്നു. ലോകത്തിൻറെ എന്നല്ല, മാനവരാശിയുടെ തന്നെ ഏറ്റവും വലിയ പരിഷ്‌കൃതമായ ആവാസകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ചൈനയാണ് ആ മഹാരാജ്യം. ഏതൊരു രാജ്യത്തെയും സാമൂഹികമായും സാംസ്‌ക്കാരികമായും സാമ്പത്തികമായും വെല്ലുവിളിക്കാൻ ശേഷിയുള്ള ഈ രാജ്യം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിസ്മയമാണെന്നു പറയാതിരിക്കാൻ വയ്യ. വൻമതിലുകളുടെ ഇരുമ്പു മറയ്ക്കുള്ളിലെ നിഗൂഢതയുടെ ലോകം. അതേസമയം, തന്നെ മാനവ സംസ്‌കൃതിയുടെ പ്രധാന ഈറ്റില്ലങ്ങളിലൊന്ന്. അച്ചടി മണി പുരളുന്ന ഈ കടലാസ് അടക്കം കണ്ടുപിടിക്കപ്പെട്ട നാട്. പുരാതന ചൈനയും ആധുനിക ചൈനയും വിരുദ്ധ ധ്രുവങ്ങളിലാണെന്നു വേണം പറയാൻ. ബൗദ്ധിക നിലവാരത്തിൽ പുലർത്തുന്ന സാമ്യമാണ് ഈ രണ്ടു കാലഘട്ടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. അന്നും ഇന്നും ലോകത്തിനു ചൈന പ്രധാനം തന്നെ.